Saturday, June 27, 2009

ബാപ്പയുടെ കത്ത്‌.

എന്റെ പ്രിയപ്പെട്ട പിതാവ്‌ ഇഹലോകവാസം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ ഒരു വര്‍ഷം തികയുന്നു.2006-ല്‍ ഞാന്‍ കുടുംബസമേതം മാനന്തവാടിയിലേക്ക്‌ താമസം മാറ്റിയപ്പോള്‍ എന്റെ മകള്‍ ലുലുവിന്‌ അദ്ദേഹം അയച്ച കത്താണിത്‌.മക്കളോടും കുടുംബത്തോടുമുള്ള അദ്ദേഹത്തിന്റെ വാല്‍സല്യവും സ്നേഹവും പ്രകടമാകുന്നതും ഉപദേശങ്ങള്‍ നിറഞ്ഞതുമായ ഈ കത്ത്‌ വായിച്ച്‌ അന്ന് എന്റെ കണ്ണ്‍ നിറഞ്ഞു.
അനുസ്മരണ സമ്മേളനമോ,ചരമദിനാഘോഷമോ,ആണ്ടോ ഇല്ലാതെ പ്രിയപിതാവിന്റെ മഗ്‌ഫിറത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ആ കത്ത്‌ അതേപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.




സൗകര്യപൂര്‍വ്വം വായിക്കാന്‍ അതിവിടെയുണ്ട്‌.

Sunday, May 24, 2009

പുതിയൊരു ബ്ലോഗര്‍

മാനന്തവാടി വച്ച്‌ നടന്ന വയനാട്‌ ബ്ലോഗ്ശില്‍പശാലയിലൂടെ ബ്ലോഗിങ്ങിനെപ്പറ്റി മനസ്സിലാക്കി ബൂലോകര്‍ക്കായി പഴയകാല ഇന്ത്യന്‍ നാണയങ്ങളെപ്പറ്റി വിവരിക്കുന്ന ഒരു ബ്ലോഗ്‌ ഇതാ.

Saturday, April 11, 2009

എറമുള്ളാന്റെ തിരിച്ച്‌(എ)റിയല്‍ കാര്‍ഡ്‌


രംഗം - ഒന്ന്

"മാന്യ സുഹ്രുത്തേ,

.......ലെ .........തെരഞ്ഞെടുപ്പില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയ വിവരം താങ്കള്‍ അറിഞ്ഞുകാണുമല്ലോ? കാര്‍ഡ്‌ തയ്യാറാക്കുന്നതിന്ന് ഫോട്ടോ എടുക്കുന്നതിന്നായി നിശ്ചിത സ്ഥലത്ത്‌ താങ്കളും കുടുംബാംഗങ്ങളും ഹാജരാകണമെന്ന് താല്‍പര്യപ്പെടുന്നു.അല്ലാത്ത പക്ഷം ഈ നിയോജക മണ്ഡരിത്തല താമസക്കാരനല്ലെന്ന നിഗമനത്തില്‍ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കുമെന്നും ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു (!!!)"

നോട്ടീസ്‌ എറമുള്ളാന്‍ ഒരാവര്‍ത്തി കൂടി തപ്പിത്തടഞ്ഞ്‌ വായിച്ചു.എന്നിട്ടും നിയോജക മണ്ഡരിത്തല എന്ന തല മനസ്സിലായില്ല.

എറമുള്ളാന്‌ 10 മക്കള്‍.പത്താമന്‍ ഒന്നാം ക്ലാസ്സിലും ഒന്നാമന്‍ പത്താം ക്ലാസ്സിലും പഠിക്കുന്നു.നോട്ടീസ്‌ കിട്ടി പിറ്റേന്ന് തന്നെ സര്‍ക്കാര്‍ ചെലവില്‍ ഒരു കുടുംബഫോട്ടോ എടുക്കാനായി എറമുള്ളാന്‍ തന്റെ 10 മക്കളെയും ഭാര്യയെയും കൂട്ടി താലൂക്കാപ്പീസ്‌ മാര്‍ച്ച്‌ നടത്തി.

താലൂക്കാപ്പീസ്‌ പരിസരത്തെ നീണ്ട ക്യൂവില്‍ , മുന്നില്‍ എറമുള്ളാനും പിന്നില്‍ പുട്ടില്‍ തേങ്ങ ഇട്ടപോലെ 10 മക്കളും അവസാനം എറമുള്ളാന്റെ പ്രിയപത്നി കുഞ്ഞാമിയും ഒന്നിച്ചണിനിരന്നു.നീണ്ട കാത്തിരിപ്പിന്‌ ശേഷം എറമുള്ളാനും കുട്ട്യേളും കെട്ട്യേളും ആപ്പീസറുടെ മുമ്പിലെത്തി.

"സര്‍, ഇതാ ഞാനും കെട്ട്യേളും എന്റെ 10 കുട്ട്യേളും....കജ്ജോങ്കില്‌ ഞമ്മള്‍ 12നെം ഒര്‌ പോട്ടത്തിലാക്കണം"

*******************

രംഗം - രണ്ട്‌

"എന്താ പേര്‌?" മുഖത്ത്‌ നോക്കാതെ ഓഫീസറുടെ ചോദ്യം.

" എറമുള്ളാന്‍"

"ആണോ പെണ്ണോ?" ഓഫീസറുടെ അടുത്ത ചോദ്യം.

"ങേ!!!" ഇത്തവണ എറമുള്ളാന്‍ ഞെട്ടി.

"ആണ്‌ തന്നെ " ഒന്ന് തപ്പി നോക്കി എറമുള്ളാന്‍ തറപ്പിച്ച്‌ പറഞ്ഞു.

"ശരി....ഇരിക്കൂ....റെഡി...നെക്സ്റ്റ്‌ " എറമുള്ളാനോട്‌ പുറത്ത്‌ പോകാന്‍ ആംഗ്യഭാഷയില്‍ ഓഫീസര്‍ കല്‍പിച്ചു.

"അപ്പൊ പോട്ടവും കാര്‍ഡും യൗട്ന്നാ കിട്ടാ...?" എറമുള്ളാന്‍ സംശയം പ്രകടിപ്പിച്ചു.

"അത്‌ വില്ലേജാപ്പീസില്‍ നിന്ന് തരും "

"ന്റ അള്ളോ...ഞ്‌ ഔടിം മാണോ പോകാ..."

*******************

രംഗം - മൂന്ന്

വില്ലേജാപ്പീസില്‍ നിന്നും കിട്ടിയ കാര്‍ഡ്‌ എറമുള്ളാന്‍ തിരിച്ചും മറിച്ചും നോക്കി.തിരിച്ചറിയാത്ത ഫോട്ടോ തന്റേത്‌ തന്നെ എന്ന് ഉറപ്പ്‌ വരുത്താന്‍ എറമുള്ളാന്‍ തൊട്ടടുത്ത്‌ നിന്ന ആളോട്‌ ചോദിച്ചു-"ഈ പോട്ടം ആര്‌താ..?"

"നിങ്ങള്‍ത്‌ തന്നെ ആകാനാണ്‌ സാധ്യത " ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു.

"അയിലെ പേരോ..?"

"എള്ളമുറാന്‍" അയാള്‍ വായിച്ചു കൊടുത്തു.

"ങേ...ആ ഇബ്‌ലീസേള്‌ ഇന്റെ പേരും മാറ്റ്യോ?"

" പിന്നേയ്‌...നിങ്ങള്‍ പെണ്ണാണെന്നാ ഈ കാര്‍ഡില്‌.."

"ഹേ....ആ ചൈത്താന്‍ ചോയിച്ചപ്ലേ ഞാന്‍ ഒറപ്പിച്ചതാ...ആണാണെന്ന്...ന്ന്ട്ട്‌പ്പം..."എറമുള്ളാന്‌ ദ്വേഷ്യം ഇരച്ചു കയറി.

"ഈ കാര്‍ഡ്‌ ഇന്റെ കുഞ്ഞാമിന്റേതല്ലേ?" ഭാര്യയുടെ കാര്‍ഡ്‌ കാട്ടി എറമുള്ളാന്‍ ചോദിച്ചു.

"ങാ...പക്ഷെ..... ഫോട്ടോ.."

"പോട്ടത്തിന്ന് എത്താ കൊയപ്പം?" എറമുള്ളാന്‌ സംശയമായി.

"ഇത്‌.. പൊട്ട്‌ തൊട്ട്‌...സാരിയുടുത്ത്‌....തലയില്‍ തട്ടമിടാത്ത...."

"ങേ!!! ആ ഹംക്കുകള്‌ ഇന്റെ കുഞ്ഞാമിനിം..."

എറമുള്ളാന്‌ ദ്വേഷ്യം സഹിക്കാനായില്ല.കാര്‍ഡ്‌, അത്‌ തന്ന ഓഫീസര്‍ക്ക്‌ തന്നെ വലിച്ചെറിഞ്ഞ്‌ കൊടുത്ത്‌ കൊണ്ട്‌ എറമുള്ളാന്‍ വീട്ടിലേക്ക്‌ മടങ്ങി.

'വെറുതെയല്ല ഈ കാര്‍ഡിനെ തിരിച്ചെറിയല്‍ കാര്‍ഡ്‌ എന്ന് പറയുന്നത്‌' ' എറമുള്ളാന്‍ ആത്മഗതം ചെയ്തു.

*****************

Monday, March 24, 2008

മരണത്തെ തേടരുത്‌....


ഇക്കഴിഞ്ഞ പുണ്യ റമളാന്‍ മാസത്തിലെ ഒരു ദിവസം.എന്തോ ആവശ്യത്തിന്‌ അങ്ങാടിയില്‍ പോയപ്പോഴാണ്‌ എന്റെ പഴയ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു സഹപ്രവര്‍ത്തകനെ കണ്ടത്‌.മെലിഞ്ഞുണങ്ങി നിന്നിരുന്ന അദ്ദേഹം ഇപ്പോള്‍ തടിച്ചുരുണ്ടിരിക്കുന്നു.!!!


"സാര്‍...ഓര്‍ക്കുന്നുണ്ടോ...? മുഹമ്മദാണ്‌ സാര്‍ ഞാന്‍..."


"ഓര്‍ക്കുന്നുണ്ട്‌....നിങ്ങളെന്താ ഇങ്ങനെ തടി കൂടിയത്‌?"


"അ...ത്‌....ഒരു മരുന്നിന്റെ സൈഡ്‌ എഫക്ടാണ്‌ സാര്‍...ഡിപ്രഷന്‍ എന്ന രോഗ ബാധിതനാണ്‌ ഞാന്‍...ഇന്ന് ഡോക്ടറെ കാണാന്‍ പോകണം...അല്‍പം കാശിന്റെ കുറവുണ്ട്‌.."


മുഹമ്മദ്‌ പറഞ്ഞ കാശ്‌ കൊടുത്തുകൊണ്ട്‌ ഞാന്‍ ചോദിച്ചു "ഇപ്പോള്‍ സര്‍വീസില്‍ ഉണ്ടോ?"


"ഉണ്ട്‌ സാര്‍..രണ്ട്‌ വര്‍ഷം കൂടി ബാക്കിയുണ്ട്‌....അതിനിടക്ക്‌ മരിച്ചാല്‍ മതിയായിരുന്നു....എന്നാല്‍ എന്റെ മക്കളില്‍ ഒരാള്‍ക്ക്‌ ജോലി കിട്ടുമല്ലോ...?"


മുഹമ്മദിന്റെ ആ മറുപടി എനിക്ക്‌ അരോചകമായി തോന്നി.പാന്റിന്റെ കീശയില്‍ നിന്നും ഒരു വെള്ള പേപ്പര്‍ എടുത്ത്‌ ഞാന്‍ മുഹമ്മദിനെ കാണിച്ചുകൊണ്ട്‌ പറഞ്ഞു.

"ഇത്‌ നോക്കൂ....ഞാന്‍ പത്രത്തില്‍ നിന്നും എഴുതി എടുത്ത മേല്‍വിലാസങ്ങളാ...പലതരം പ്രയാസങ്ങള്‍ കാരണം ദുരിതം പേറുന്നവര്‍...മിക്കവരും മാറാരോഗത്തിനടിമയായി തീര്‍ത്തും കിടപ്പിലായവര്‍....വൃദ്ധരും അശരണരുമായവര്‍....എന്നിട്ടും അവര്‍ മരണത്തെ ആഗ്രഹിക്കുന്നില്ല...നിങ്ങള്‍ക്ക്‌ ഈ നാട്ടിലൂടെ നടക്കാന്‍ ദൈവാനുഗ്രഹത്താല്‍ ഇപ്പോഴും സാധിക്കുന്നു.ആരെയും നേരില്‍ കണ്ട്‌ സഹായം അഭ്യര്‍ത്ഥിക്കാനും സാധിക്കുന്നു.സര്‍ക്കാര്‍ ജോലിയുമുണ്ട്‌.ഇത്രയും അനുഗ്രഹീതനായ നിങ്ങള്‍ ഒരിക്കലും മരണത്തെ തേടരുത്‌.സമീപ ഭാവിയില്‍ നിങ്ങളുടെ അസുഖം മാറിയേക്കാം.നിങ്ങളോട്‌ സംസാരിക്കുന്ന ഞാന്‍ പെട്ടെന്ന് രോഗിയാവുകയോ മരിക്കുകയോ ചെയ്തേക്കാം.അതിനാല്‍ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ച്‌ ജീവിതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ദൈവം തന്ന ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുക.മരണത്തെ പ്രതീക്ഷിക്കുക,പക്ഷേ തേടരുത്‌."


"ഇല്ല സാര്‍...ഇനി ഞാന്‍ മരണത്തെ തേടില്ല. .ദൈവം തന്ന അസുഖം ദൈവം തന്നെ എടുക്കുമായിരിക്കും.സാറും എനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണം... അസ്സലാമലൈക്കും"


"വലൈക്കുമുസ്സലാം.."


ജീവിതത്തിന്റെ പ്രതീക്ഷാമുനമ്പിലേക്ക്‌ വീണ്ടും നടന്നകലുന്ന മുഹമ്മദിനെ നോക്കി ഞാന്‍ അല്‍പ നേരം അവിടെ തന്നെ നിന്നു

Thursday, July 19, 2007

"kaala"varsham

A scene from Mananthavadi, Wayanad
Give suitable caption

Tuesday, December 5, 2006

ഒരു രസതന്ത്ര വിഡ്ഢിത്തം.

Pre Degree-ക്ക്‌ പഠിക്കുന്ന കാലം.ഡോക്ടറാക്കണമെന്ന മോഹത്തോടെ (?) പിതാശ്രീ എനിക്കായി സെലക്റ്റ്‌ ചെയ്തത്‌ സെക്കന്റ്‌ ഗ്രൂപ്പ്‌ ആയിരുന്നു. അന്ന്‌ ഫസ്റ്റ്‌ പിഡിസിക്കാരെ പൂച്ചപിഡിസികള്‍ എന്നാണ്‌ വിളിച്ചിരുന്നത്‌.പൂച്ചക്കാലം കഴിഞ്ഞ്‌ പുലികളായപ്പോളാണ്‌ ഞങ്ങള്‍ക്ക്‌ വിവിധ പ്രാക്റ്റിക്കലുകള്‍ തുടങ്ങിയത്‌. രസതന്ത്രം അത്ര രസമില്ലാത്തതിനാല്‍ കെമിസ്റ്റ്രി ലാബ്‌ എനിക്കൊരു തലവേദനയായിരുന്നു. പോരാത്തതിന്ന്‌ ലാബ്‌ ചാര്‍ജ്ജ്‌ എന്റെ ഇക്കാക്കയായ ( മൂത്താപ്പയുടെ മകന്‍ ) യൂസുഫലി സാറിനും.

കെമിസ്റ്റ്രി ലാബില്‍ എന്റെ ഓര്‍മ്മയിലുള്ള ആദ്യ പരീക്ഷണം നോര്‍മാലിറ്റി എന്ന ഫോര്‍മാലിറ്റി കണ്ടുപിടിക്കലാണ്‌. ബ്യൂററ്റ്‌-പിപ്പറ്റ്‌ എന്നീ ഇരട്ടലുട്ടാപ്പിക്കുന്തങ്ങള്‍ കൊണ്ടുള്ള ഒരു സര്‍ക്കസ്‌ കളി.

സാര്‍ പറഞ്ഞ പോലെ ബ്യൂററ്റില്‍ എന്തോ ഒരു ദ്രാവകം നിറച്ചു.പിപ്പറ്റില്‍ മറ്റെന്തോ അളന്നെടുത്ത്‌ ഒരു കോണിക്കല്‍ ഫ്ലാസ്കിലും ഒഴിച്ചുവച്ചു.ശേഷം ബ്യൂററ്റ്‌ക്ലിപ്പ്‌ തുറന്ന്‌ കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ അല്‍പാല്‍പമായി സൊലൂഷന്‍ മിക്സ്‌ ചെയ്തു.ഏതോ ഒരു പ്രത്യേക സമയത്ത്‌ കോണിക്കല്‍ ഫ്ലാസ്കിലെ ദ്രാവകത്തിന്റെ നിറം ലൈറ്റ്‌പിങ്ക്‌ ആയി.ബ്യൂററ്റ്‌ റീഡിംഗ്‌ (ഇതിനെ end point എന്ന്‌ പറയുന്നു ) ഞാന്‍ നോട്ട്‌ ചെയ്തു.

"ടൈട്രേറ്റ്‌ റ്റില്‍ കോന്‍സ്റ്റന്റ്‌ കണ്‍കൊഡന്റ്‌ വാല്യൂസ്‌ ആര്‍ ഒബ്റ്റൈന്റ്‌ " യൂസുഫലി കാക്കയുടെ ശബ്ദം ഓര്‍മ്മയില്‍ മിന്നി.

'വീണ്ടും പഴയ കൈക്രിയകള്‍ ആവര്‍ത്തിക്കണം..അത്‌ വേണോ..???അതോ നേരത്തെ കിട്ടിയ റീഡിംഗ്‌ ഒന്നുകൂടി വച്ചുകാച്ചിയാലോ..?' മനസ്സില്‍ കള്ളക്കൊള്ളിയാനുകള്‍ ഓടാന്‍ തുടങ്ങി.

'വേണ്ട....ഒന്നു കൂടി ചെയ്തേക്കാം...' ശുദ്ധമനസ്സ്‌ മന്ത്രിച്ചു.

ബ്യൂററ്റിലും പിപ്പറ്റിലും കോണിക്കല്‍ ഫ്ലാസ്കിലും നേരത്തെ ചെയ്തപോലെ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചു. ലൈറ്റ്‌പിങ്ക്‌ കളര്‍ ആകുന്ന റീഡിംഗ്‌ പിടികിട്ടിയതിനാല്‍ ഞാന്‍ കോണിക്കല്‍ ഫ്ലാസ്ക്‌ ബ്യൂററ്റിന്റെ താഴേക്ക്‌വച്ച്‌ ബ്യൂററ്റ്‌ക്ലിപ്പ്‌ തുറന്ന്‌ വിട്ടു...

ശൂൂ‍ൂ‍ൂ‍ൂ‍....

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍പോലെ ബ്യൂററ്റില്‍ നിന്ന്‌ സൊലൂഷന്‍ കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ കുത്തിയൊഴുകി. നേരത്തെ നോട്ട്‌ ചെയ്ത റീഡിംഗ്‌ എത്തുന്നുണ്ടോ എന്നറിയാന്‍ എന്റെ കണ്ണ്‌ ബ്യൂററ്റില്‍ തന്നെയായിരുന്നു.റീഡിംഗ്‌ എത്തിയതും ഞാന്‍ പെട്ടെന്ന്‌ ബ്യൂററ്റ്‌ക്ലിപ്പ്‌ പൂട്ടി.

ലൈറ്റ്‌പിങ്ക്‌ നിറം കാണാനായി കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ നോക്കിയ ഞാന്‍ ഞെട്ടി! സൊലൂഷന്‍ കടും പിങ്ക്‌ നിറം.!! മാത്രമോ...?? ക്രുധമുഖത്തോടെ സാര്‍ അടുത്ത്‌ നില്‍ക്കുന്നു!!! ശരീരത്തിന്റെ എവിടെനിന്നൊക്കെയോ പലതരം സൊലൂഷനുകള്‍ ഭൂമിയിലേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി.പക്ഷെ..... സാറിന്റെ പുന്നാര അനിയനായതിനാല്‍ അന്ന്‌ ഞാന്‍ തല്‍ക്കാലം രക്ഷപ്പെട്ടു.