Tuesday, December 5, 2006

ഒരു രസതന്ത്ര വിഡ്ഢിത്തം.

Pre Degree-ക്ക്‌ പഠിക്കുന്ന കാലം.ഡോക്ടറാക്കണമെന്ന മോഹത്തോടെ (?) പിതാശ്രീ എനിക്കായി സെലക്റ്റ്‌ ചെയ്തത്‌ സെക്കന്റ്‌ ഗ്രൂപ്പ്‌ ആയിരുന്നു. അന്ന്‌ ഫസ്റ്റ്‌ പിഡിസിക്കാരെ പൂച്ചപിഡിസികള്‍ എന്നാണ്‌ വിളിച്ചിരുന്നത്‌.പൂച്ചക്കാലം കഴിഞ്ഞ്‌ പുലികളായപ്പോളാണ്‌ ഞങ്ങള്‍ക്ക്‌ വിവിധ പ്രാക്റ്റിക്കലുകള്‍ തുടങ്ങിയത്‌. രസതന്ത്രം അത്ര രസമില്ലാത്തതിനാല്‍ കെമിസ്റ്റ്രി ലാബ്‌ എനിക്കൊരു തലവേദനയായിരുന്നു. പോരാത്തതിന്ന്‌ ലാബ്‌ ചാര്‍ജ്ജ്‌ എന്റെ ഇക്കാക്കയായ ( മൂത്താപ്പയുടെ മകന്‍ ) യൂസുഫലി സാറിനും.

കെമിസ്റ്റ്രി ലാബില്‍ എന്റെ ഓര്‍മ്മയിലുള്ള ആദ്യ പരീക്ഷണം നോര്‍മാലിറ്റി എന്ന ഫോര്‍മാലിറ്റി കണ്ടുപിടിക്കലാണ്‌. ബ്യൂററ്റ്‌-പിപ്പറ്റ്‌ എന്നീ ഇരട്ടലുട്ടാപ്പിക്കുന്തങ്ങള്‍ കൊണ്ടുള്ള ഒരു സര്‍ക്കസ്‌ കളി.

സാര്‍ പറഞ്ഞ പോലെ ബ്യൂററ്റില്‍ എന്തോ ഒരു ദ്രാവകം നിറച്ചു.പിപ്പറ്റില്‍ മറ്റെന്തോ അളന്നെടുത്ത്‌ ഒരു കോണിക്കല്‍ ഫ്ലാസ്കിലും ഒഴിച്ചുവച്ചു.ശേഷം ബ്യൂററ്റ്‌ക്ലിപ്പ്‌ തുറന്ന്‌ കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ അല്‍പാല്‍പമായി സൊലൂഷന്‍ മിക്സ്‌ ചെയ്തു.ഏതോ ഒരു പ്രത്യേക സമയത്ത്‌ കോണിക്കല്‍ ഫ്ലാസ്കിലെ ദ്രാവകത്തിന്റെ നിറം ലൈറ്റ്‌പിങ്ക്‌ ആയി.ബ്യൂററ്റ്‌ റീഡിംഗ്‌ (ഇതിനെ end point എന്ന്‌ പറയുന്നു ) ഞാന്‍ നോട്ട്‌ ചെയ്തു.

"ടൈട്രേറ്റ്‌ റ്റില്‍ കോന്‍സ്റ്റന്റ്‌ കണ്‍കൊഡന്റ്‌ വാല്യൂസ്‌ ആര്‍ ഒബ്റ്റൈന്റ്‌ " യൂസുഫലി കാക്കയുടെ ശബ്ദം ഓര്‍മ്മയില്‍ മിന്നി.

'വീണ്ടും പഴയ കൈക്രിയകള്‍ ആവര്‍ത്തിക്കണം..അത്‌ വേണോ..???അതോ നേരത്തെ കിട്ടിയ റീഡിംഗ്‌ ഒന്നുകൂടി വച്ചുകാച്ചിയാലോ..?' മനസ്സില്‍ കള്ളക്കൊള്ളിയാനുകള്‍ ഓടാന്‍ തുടങ്ങി.

'വേണ്ട....ഒന്നു കൂടി ചെയ്തേക്കാം...' ശുദ്ധമനസ്സ്‌ മന്ത്രിച്ചു.

ബ്യൂററ്റിലും പിപ്പറ്റിലും കോണിക്കല്‍ ഫ്ലാസ്കിലും നേരത്തെ ചെയ്തപോലെ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചു. ലൈറ്റ്‌പിങ്ക്‌ കളര്‍ ആകുന്ന റീഡിംഗ്‌ പിടികിട്ടിയതിനാല്‍ ഞാന്‍ കോണിക്കല്‍ ഫ്ലാസ്ക്‌ ബ്യൂററ്റിന്റെ താഴേക്ക്‌വച്ച്‌ ബ്യൂററ്റ്‌ക്ലിപ്പ്‌ തുറന്ന്‌ വിട്ടു...

ശൂൂ‍ൂ‍ൂ‍ൂ‍....

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍പോലെ ബ്യൂററ്റില്‍ നിന്ന്‌ സൊലൂഷന്‍ കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ കുത്തിയൊഴുകി. നേരത്തെ നോട്ട്‌ ചെയ്ത റീഡിംഗ്‌ എത്തുന്നുണ്ടോ എന്നറിയാന്‍ എന്റെ കണ്ണ്‌ ബ്യൂററ്റില്‍ തന്നെയായിരുന്നു.റീഡിംഗ്‌ എത്തിയതും ഞാന്‍ പെട്ടെന്ന്‌ ബ്യൂററ്റ്‌ക്ലിപ്പ്‌ പൂട്ടി.

ലൈറ്റ്‌പിങ്ക്‌ നിറം കാണാനായി കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ നോക്കിയ ഞാന്‍ ഞെട്ടി! സൊലൂഷന്‍ കടും പിങ്ക്‌ നിറം.!! മാത്രമോ...?? ക്രുധമുഖത്തോടെ സാര്‍ അടുത്ത്‌ നില്‍ക്കുന്നു!!! ശരീരത്തിന്റെ എവിടെനിന്നൊക്കെയോ പലതരം സൊലൂഷനുകള്‍ ഭൂമിയിലേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി.പക്ഷെ..... സാറിന്റെ പുന്നാര അനിയനായതിനാല്‍ അന്ന്‌ ഞാന്‍ തല്‍ക്കാലം രക്ഷപ്പെട്ടു.